പന്തീരാങ്കാവ് കേസ്: പരാതിയില്ലെന്ന് യുവതി; ഒത്തുതീർപ്പിനുള്ള നീക്കങ്ങൾ തുടരുന്നു

Jun 11, 2024 - 11:22
 0  11
പന്തീരാങ്കാവ് കേസ്: പരാതിയില്ലെന്ന് യുവതി; ഒത്തുതീർപ്പിനുള്ള നീക്കങ്ങൾ തുടരുന്നു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ്. കേസിലെ പരാതിക്കാരിയായ പെൺകുട്ടി, ഇന്നലെ, സത്യവാങ്മൂലം സമർപ്പിച്ച്, തനിക്കു പരാതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ നിർദേശപ്രകാരം പരാതിവച്ച് വരികയായിരുന്നുവെന്നും, അതിലുള്ള എല്ലാ ആരോപണങ്ങളും വ്യാജമാണെന്നും യുവതി വെളിപ്പെടുത്തി.

സത്യവാങ്മൂലത്തിനു ശേഷം, പ്രതിഭാഗം അഭിഭാഷകൻ യുവതിയുടെ മൊഴി ഹൈക്കോടതിയിൽ സമർപ്പിക്കാൻ തയ്യാറെടുക്കുന്നു. കേസ് റദ്ദാക്കാനുള്ള നീക്കങ്ങളാണ് ഈ സാഹചര്യത്തിൽ ഉണ്ടാകുന്നത്.

യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച രണ്ട് വീഡിയോകളിൽ, കേസിലെ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും, താനുളള  ആരോപണങ്ങളും തെറ്റാണെന്നും വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ വീഡിയോയിൽ, തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും, താൻ സുരക്ഷിതയാണെന്നും യുവതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പെൺകുട്ടിയെ കുറിച്ച് വിവരമില്ലെന്ന് വീട്ടുകാർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് ജോലിക്ക് പോയെന്നാണ് പറഞ്ഞിരുന്നത്, എന്നാൽ, പെൺകുട്ടി ജോലിസ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ, കുടുംബം ആശങ്കയിൽ ആയിരുന്നു.

കേസിൽ പ്രതികൾ അഞ്ച് പേരാണ്. അടുത്താഴ്ചയാണ് കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രത്തിൽ, യുവതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടാതെ, ബോധരഹിതയായ പെൺകുട്ടിയെ ഭർത്താവ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമാണ്.

പരാതിക്കാരിയുടെ പുതിയ മൊഴി അന്വേഷണത്തിൽ നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.