മയിലിനെ വെടിവെച്ചിട്ട് പാകം ചെയ്തു കഴിച്ചു; സഹോദരൻമാർ അറസ്റ്റിൽ
മണ്ണാർക്കാട് മയിലിനെ വെടിവച്ച് പാചകം ചെയ്തു കഴിച്ച ഇരട്ട സഹോദരൻമാർ അറസ്റ്റിലായി. പാലക്കയം കുണ്ടംപൊട്ടിയിൽ നിന്നുള്ള രമേശ്, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് ജില്ലാ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ സി സനൂപ്, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പാകം ചെയ്ത മയിലിറച്ചി കണ്ടെത്തിയിരുന്നു. സഹോദരന്മാർ ഒളിവിൽ പോയിരുന്നു, പക്ഷേ ചൊവ്വാഴ്ച മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിൽ കീഴടങ്ങി.
മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രതികളുമായി പാലക്കയത്ത് തെളിവെടുപ്പ് നടത്തി. ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.