വലിയ കളവുകളില്‍ കൈപൊള്ളി, 5000 രൂപ പരിധിവെച്ച് മോഷണം വ്യാപകമാക്കി; യുവാവും കൂട്ടുപ്രതിയും പിടിയില്‍

ഹരിപ്പാട് : ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന കടകളിലെത്തി മോഷണം നടത്തിവന്ന യുവാവ് പിടിയിൽ. അബ്കാരി കേസിലെ കൂട്ടുപ്രതിയും ഒപ്പം കുടുങ്ങി. മോഷണക്കേസിൽ ...

Jul 21, 2024 - 10:27
Jul 21, 2024 - 10:37
 0
വലിയ കളവുകളില്‍ കൈപൊള്ളി, 5000 രൂപ പരിധിവെച്ച് മോഷണം വ്യാപകമാക്കി; യുവാവും കൂട്ടുപ്രതിയും പിടിയില്‍

ഹരിപ്പാട് : ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന കടകളിലെത്തി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍. അബ്കാരി കേസിലെ കൂട്ടുപ്രതിയും ഒപ്പം കുടുങ്ങി. മോഷണക്കേസില്‍ പള്ളിപ്പാട് നടുവട്ടം ജീവന്‍ വില്ലയില്‍ ജിന്‍സ് തോമസും(20) സുഹൃത്തും അബ്കാരി കേസിലെ കൂട്ടുപ്രതിയുമായ പള്ളിപ്പാട് ശരണ്‍ ഭവനില്‍ കിരണു(19)മാണ് പിടിയിലായത്.

WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

എറണാകുളം കടവന്ത്രയിലെ ഒരു വീട്ടില്‍ മറ്റു നാലുപേര്‍ക്കൊപ്പം താമസിക്കുന്നതിനിടെയാണ് ഹരിപ്പാട്ടുനിന്നുള്ള പോലീസ് സംഘം ഇരുവരെയും അറസ്റ്റുചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണിത്. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു.

കടകളിലെത്തി ലൈസന്‍സ് ചോദിച്ചാണ് ജിന്‍സ് തോമസ് പണം മോഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കടയുടമ ലൈസന്‍സ് എടുക്കുന്നതിനിടെ മേശയില്‍നിന്നു പണമെടുക്കും. അടുത്തിടെ കുമാരപുരം കവറാട്ട് ക്ഷേത്രത്തിനടുത്തുള്ള കടയില്‍ ഈ രീതിയില്‍ മോഷണം നടത്തിയിരുന്നു.

ഹരിപ്പാട് നഗരത്തിലെ പല കടകളില്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ട്. മാന്നാര്‍, വള്ളികുന്നം പോലീസ് സ്റ്റേഷന്‍ പരിധികളിലും ജിന്‍സ് മോഷണം നടത്തിയിട്ടുണ്ട്. 5,000 രൂപയില്‍ കുറഞ്ഞ തുകയാണ് ഇയാള്‍ മോഷ്ടിക്കുന്നത്. ചെറിയ തുകയായതിനാല്‍ കച്ചവടക്കാര്‍ പരാതിയുമായി മുന്നോട്ടുപോകാറില്ല. ഈ സാഹചര്യമാണ് പ്രതി പ്രയോജനപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.

കുമാരപുരം കൂട്ടകൈത ഭാഗത്ത് റോഡരികില്‍ രാത്രിയില്‍ നിര്‍ത്തിയിട്ട കാര്‍ പോലീസ് പിടികൂടിയത് രണ്ടുമാസംമുന്‍പാണ്. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും കാറില്‍ സൂക്ഷിച്ചിരുന്ന ചാരായവും ജിന്‍സിന്റെ മൊബൈല്‍ ഫോണും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട് ജിന്‍സിനെയും കിരണിനെയും പ്രതിചേര്‍ത്തു കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ എറണാകുളത്ത് താമസിക്കുന്നതായി പോലീസിനു വിവരം ലഭിച്ചത്.

പോലീസ് സംഘം വെള്ളിയാഴ്ച എറണാകുളത്ത് എത്തിയപ്പോഴേക്കും ഒരാഴ്ചയായി താമസിച്ചുവന്ന ഹോട്ടല്‍മുറി ഇവര്‍ ഒഴിഞ്ഞിരുന്നു. ഹോട്ടലില്‍നിന്നും ഇവര്‍ പുറത്തേക്കുപോയ ടാക്‌സിക്കാറിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്തുര്‍ന്നാണ് പ്രതികള്‍ താമസിച്ച വീട് പോലീസ് സംഘം കണ്ടെത്തുന്നത്.

ഐ.എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, എസ്.ഐ.മാരായ ശ്രീകുമാര്‍, ഷൈജ, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ. നിഷാദ്, വിപിന്‍, അല്‍ അമീന്‍, പ്രദീപ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.